
ഇരുട്ട്.
പൂര്‍ണാന്ധകാരം പ്രതീക്ഷിച്ചു അന്ധനായി
എന്ന കാരണം പറഞ്ഞ്
കഴിഞ്ഞ പ്രളയത്തിനു മുന്‍പ് ഞാന്‍ വിഷം കൊടുത്തവന്‍
ഇന്നലെ വീട്ടിനുള്ളിലെ മഴയില്‍ വന്നു പിറന്നു
അതും നീലിച്ച്,നഗ്നനായി
മഴക്കാലത്തെ ഇരുട്ടു.(തുണിയുടെ ഈര്‍പ്പത്തില്‍)
ഇരുണ്ട സഹോദരാ
നിനക്കു വേണ്ടി ഈ ലോകത്തിലെ മുഴുവന്‍
നിറങ്ങളും എടുത്തു
കളയുവാന്‍ ഇറങ്ങിത്തിരിച്ചവന്‍ അവന്‍!
ഞാനോ
ഒരു കൂട്ടം മഴക്കു നിന്റെ പേരു കൊടുത്തു
അതു പെയ്യുമ്പോള്‍ ഭൂമിക്കും
നക്ഷ്ത്രങ്ങള്‍ക്കും ഇടയില്‍ ഉയര്‍ത്തിപ്പിടിച്ചു
യുദ്ധഭൂമിയിലെ ഫോസ്ഫറസ് വെളിച്ചത്തില്‍ പോലും
തിരിച്ചറിയപ്പെടാതിരിക്കുന്നതിനുള്ള
ഒരു ചെറിയ സാധ്യതപോലും ഇല്ലാതാക്കി.
അപ്പോഴും പുരികവിടവിനുള്ളില്‍ നീ
സൂക്ഷിച്ചിരുന്നു ഒരു പ്രകാശരശ്മി നിറച്ചും മഴ!
നിശബ്ദത.
ചീവീടു,സെക്കന്റ് സൂചി,പൈപ്പ് ചോര്‍ച്ച,
2 വയസുള്ള കുട്ടിയുടെ കൂര്‍ക്കംവലി,
കൊതുകിന്റെ ഏറ്റുപറച്ചില്‍ ക്ഷമാപണം എല്ലാം കഴിഞ്ഞു
നാക്കു മുറിച്ചു കളഞ്ഞ ഒരു വെളിച്ചപ്പാടു
എന്റെ പേരു വിളിച്ചു നാമം ചൊല്ലുന്നു.
മഴക്കാലത്തെ നിശബ്ദത.
"ഉച്ചഭാഷിണിയിലൂടെ എനിക്കായ് നിലക്കാതെ പെയ്യുന്ന
ബലിമന്ത്രങ്ങളുടെ നിശബ്ദത
രൂപാന്തരപ്പെട്ട് വിയര്‍പ്പുതുള്ളികള്‍ ആകുവാന്‍
ഉള്ള കാത്തിരിപ്പാണു ഇനി"
എന്നൊക്കെ എന്റെ ദാരിദ്രത്തെക്കുറിച്ച്
കഴിഞ്ഞ നൂറ്റാണ്ടില്‍ വ്യാജമായി പറയേണ്ടതായിരുന്നു
ഇന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുമെന്നുതോന്നുന്നില്ല
മൂന്നാം നമ്പര്‍ ചാനലില്‍
'i miss u'എന്നു എഴുതിക്കാണിക്കുമ്പോള്‍
ഇല്ല ആരും വിശ്വസിക്കുകയില്ല.
അതും ഈ മഴയിലു.!
സൂചന.
ഒരപകടസൂചനയുണ്ട്
നിറങ്ങള്‍ ഇല്ലാത്തതു !
എന്നോടൊരു വാക്കു പോലും പറയാതെ
ചരിഞ്ഞു വീണ മരങ്ങള്‍ ഒരിക്കല്‍ പ്രയോഗിച്ചതു!
മഴക്കാലത്തെ അപകടസൂചന
ഇപ്പോള്‍ ഇതു രാത്രിയുടെ അറ്റത്തുനിന്നുമാണ്
മിക്കവാറും അതു ആ യേശുവിനെപ്പോലെ
ഒരു രക്ഷകനെ കാത്തിരിക്കുവാന്‍ മാത്രം ഇഷ്ട്ടപ്പെടുന്ന
ജിപ്സികളില്‍ നിന്നായിരിക്കും
അല്ലെങ്കില്‍ നെഗറ്റീവ് പതിനാലു ഡിഗ്രി സെല്‍ഷ്യസില്‍
ദിവസവും പതിനാലുനിമിഷങ്ങളുടെ ആലിംഗനം
വാഗ്ദാനം ചെയ്തവളുടെ കയ്യില്‍നിന്നാകും
അതിനായി ഞാന്‍ 33 ബക്സു വീതം മാറ്റിവക്കുന്നുണ്ടു
ഓരോ കളര്‍ ചോക്കും!
അവള്‍ത്തന്നെ എന്നു തീര്‍ച്ചയായാല്‍
കാശ്മീര്‍ പാക്കിസ്ത്ഥാനില് ആണെന്നു അടയാളപ്പെടുത്തിയ
ഭൂപടം കീറിക്കളഞ്ഞേക്കുക.
